Tuesday, June 12, 2012

മഴ പെയ്തിറങ്ങുന്നുണ്ടായിരുന്നു

ഫോട്ടോ : ജാബിർ മലബാരി 



ഇന്നു രാവിലെ കനത്ത മഴയായിരുന്നു.
കഠിനമായി എന്നെ സ്പർശിച്ച വെയിലിനു
വിരാമം കുറിച്ച് തലോടിയിരുന്നു മഴത്തുള്ളികൾ.
സ്വപ്‌നത്തിലാണെന്ന പോൽ തീർന്നിരുന്നു 
ആ മഴത്തുള്ളികിലുക്കം. 
നീ വരുമ്പോഴും എന്റെരികെ 
പെയ്തിറങ്ങുന്നുണ്ടായിരുന്നു കാർമേഘങ്ങൾ 
എന്നിട്ടും പഴയ സൗഹ്ർദത്തിൻ 
പങ്കുവെക്കലുകളില്ല. 
ഇന്നലെകളുടെ ശോഷിപ്പുകളിൽ 
വീണൂടഞ്ഞ മരചില്ലകളും 
വൈകുന്നേരങ്ങളിലെ ശാന്തതയിലേക്ക്‌
വരുന്ന യുവത്വവും 
എന്നെ നോക്കി സ്വകാര്യം പറയാറുണ്ട്‌
"നിള ഇനി എത്ര കാലം ??

Sunday, May 20, 2012

നിമിഷങ്ങൾ ജീവിതം സമ്മാനിക്കുന്നു


തുരുമ്പ് പിടിച്ച പാലം എന്നോട് പത്ത് വർഷം മുമ്പത്തെ കഥ ഓർമ്മിപ്പിച്ചു. എന്നാലും ആ വഴിയെ ഒന്ന് നടന്നു നോക്കണമെന്നൊരു മോഹം. പൊരിഞ്ഞ വെയിലിൽ പക്ഷികൾ തണൽ തേടി മരച്ചില്ലകൾക്കിടയിൽ അഭയം തേടുമ്പോൾ വഴിയെ തേടി ഞാൻ നടക്കുകയാണ്. മണ്ണു നിറത്തോടു ചേർന്ന ഇരുമ്പു ക്ഷണത്തിനു മുകളിലൂടെ എന്നെ എടുത്തുവെച്ചപ്പോൾ ഞാൻ തന്നെ അറിയാതെ ഒന്നു ഭയന്നു പോയി. മനസ്സിൽ ഞാൻ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ദുരന്തം എന്നെ തിരിച്ചു വിളിക്കുമാറു ആഴങ്ങളിലേക്ക് കാഴ്‌ച്ചകളെ എത്തി നോക്കി.

 ഒരു മനുഷ്യൻ അകലങ്ങളിൽ നിന്ന്  അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഇടക്കൊകെ അയാൾ താഴോട്ട് നോക്കി നിൽക്കുന്നു. മരണത്തെ ചിന്തിപ്പിക്കുന്ന നര തന്റെ ഭംഗിയെ ഭംഗപ്പെടുത്തിയിട്ടില്ല.  മാപ്പിളമാരുടെ കലിതുണിയും അരപട്ടയും കെട്ടിയുള്ള വേഷവിധാനത്തിന്റെ അവസാന ശ്രേണിയിലെ ഒരു നാമായിരിക്കും എതിരെയുള്ള പുതുപാലത്തിലൂടെ നടന്നു നീങ്ങുന്ന ആ പഴയ കാർന്നവർ. 

പുതിയ പാലത്തിൽ നിൽക്കുന്ന കാർന്നവരോട് പതുക്കെ ഞാൻ ചോദിച്ചു. ഇക്കാ ഈ പഴയ പാലത്തിലൂടെ നടക്കാൻ കഴിയുമോ ? എന്തൊ ക്കാക ഒന്നും കേട്ടില്ല. വിള്ളലുകളിലൂടെ നടന്ന് നീങ്ങി മറ്റൊരു ദുരന്തത്തിനു വഴിവെക്കേണ്ട എന്നു കരുതി സ്വയം പിന്മാറി. ഓരോ നടത്തിലും കുലുങ്ങുന്ന പാതയിൽ അല്പം നേരം നിന്ന് പുതിയ റെയിൽവേ ട്രാക്കിലൂടെ ഒന്നു നടന്നു നോക്കിയാലോ എന്നൊരു മറ്റൊരു മോഹം ജനിച്ചു!! 

പുഴക്കു മീതെ ആയ്ത് കൊണ്ട് കരിങ്കൽ വിരിച്ച പാതക്കു പകരം ഷീറ്റ് വെച്ച ട്രാക്കിലൂടെ നടക്കുമ്പോൾ വല്ല എക്സ്പ്രസ് വന്നാൽ ഞാൻ എങ്ങോട് മാറി നില്കും ?? അതും ഒറ്റപാത . വേറിട്ടു നിൽക്കുന്ന പാതകൾ. കയറി നിൽക്കാൻ ഒരു ഇടവുമില്ല. വാർത്തകൾ വളച്ചൊടിക്കാൻ സാധ്യത  ഉള്ളത് കൊണ്ട് ഞാൻ അതിൽ നിന്നും പിന്മാറി. 

നെക്സ് ലൈനിൽ നിന്ന് പുറത്തേക്ക് കാലിടുത്തു വെച്ചും ചിന്നം വിളിച്ച് അതാ വരുന്നു ചെന്നെ എഗ്മൊർ- മംഗലാപുരം എക്സ്പ്രസ് .  അൽഹംദുലില്ലാഹ്. ഒരു നിമിഷം നേരം കൊണ്ട് കഥ തന്നെ മാറി പോയേന്നെ!! ശ്വാസം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അടുത്ത ട്രാക്കും കടക്കുവാനുള്ള വേഗം കൂട്ടി. പാലത്തിലേക്ക് സബ്‌വേ കോണിയിലൂടെ കയറി നടപ്പാതയിലേക്ക് എത്തല്ലും. ഈ പാവപ്പെട്ടവനെ ഒന്ന് പിടിച്ചു കുലുക്കി ചീറി പാഞ്ഞ് ഒരു 'ഗരീബ് രഥ്' പോകുന്നു. നടപാതയിലെ പിടുത്ത്മിലായിരുന്നെങ്കിൽ എന്റെ ക്യാമറയുടെ സ്വപ്‌നങ്ങൾ വെള്ളത്തിനടിയിലാക്കി ആകാശത്തേക്ക് നോക്കി വേലലാതി പറഞ്ഞ് ഇരുന്നേന്നെ ഞാൻ....



ദൈവം നിമിഷം നേരം കൊണ്ട് യാത്രകളുടെ ഗതി വിഗതികൾ മാറ്റികളയുന്നവനാണ്. അവൻ തന്നെ എല്ലാം നിയന്ത്രിക്കുന്നത് പരിപാലിക്കുന്നതും. അവനെ സ്തുതിച്ച് എന്റെ മടക്കയാത്ര തുടർന്നു. അല്ലെങ്കിലും നാം മടക്കയാത്രയിൽ തന്നെയാണ്. ഓരോ നിമിഷം എത്തിചെരുമ്പോഴും അതിവേഗത്തിൽ തിരിച്ചു ചെല്ലുകയാണ്.  

തിരിച്ചുള്ള നടത്തത്തിൽ എന്നോട് ഒരു നാടൻ നിഷ്‌കളങ്കതയുടെ പുഞ്ചിരി വിടർത്തി കാർന്നവർ  പഴയ കഥകളെ ഓർത്തിക്കുകയായിരിക്കും  കടലുണ്ടി പുഴയുടെ ഓളങ്ങളിലേക്ക്  തിരികെ നോക്കി നിന്നു.

Wednesday, November 30, 2011

ശിഷ്ടം






കാലം പഴകി തീർത്ത ദുരന്തം
എൻ മനസ്സിലും അലതല്ലുകയാണോ?
എങ്ങും മൗനത്തിൽ ചാലിച്ച വാക്കുകൾ മാത്രം വരയിടുന്നു.
പ്രതീക്ഷകളുടെ അസ്‌തമയം കണ്ടുതുടങ്ങിയോ?
എത്ര നേരം നിന്നെ ആലോച്ചിട്ടും ഒന്നും ഓർമ്മകളില്ലാതെ
മറന്നുപോയ നിമിഷങ്ങളായി മാത്രം ജീവിതം കണക്കാക്കിയോ?
എവിടെയും വെള്ളപ്പാച്ചിലിൽ  ഒഴുകി വന്ന ശിഷ്ടങ്ങളുടെ സമൃതിപഥങ്ങളായി,
നാളെക്കു വേണ്ടി മാറ്റി കുറിച്ച വീഥികളിൽ ആരുമില്ലാതെയാക്കുമോ?
ഏകാന്തപഥികനായി ഞാനൊരു കൂട്ടുക്കാരനെ അന്വേഷിച്ച്
ദൂരങ്ങളിൽ നിന്നു ദൂരങ്ങളിലേക്ക് വഴി താണ്ടാനാവാത്തെ നിൽക്കുമോ?

ചോദ്യങ്ങൾ മാത്രമായി അവശേഷിക്കില്ല.....
ഉത്തരങ്ങൾ കണ്ടെത്തിയാലും ഇല്ലെങ്കിലും......


-സുഫ്‌സിൽ

Saturday, November 12, 2011

കാലം മായ്ച്ച പുഞ്ചിരി



"ഇജ്ജ്  എന്താ ഇങ്ങ്നാ കാട്ട്ണ്" ബീവാത്തുമ്മ ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു,  "മരിയാതക്ക് ഇങ്ങള് അങ്ങോട്ട് കയറിക്കോ" മൊയ്‌തീൻ ട്രെയിനിലേക്ക് ഉമ്മയെ ഉന്തിക്കയറ്റി. 

"യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിൻ നമ്പർ 16306, കണ്ണൂരിൽ നിന്നും ഏറണാകുളം വരെ പോകുന്ന കണ്ണൂർ- ഏറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നു" അനൌണ്സ്മെന്റിനിടയിലും.. ബീവാത്തുമ്മയുടെ ശബ്‌ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു. ആരോ ബലം പ്രയോഗിച്ച്  കൊണ്ട് പോകും പോലെയുള്ള കാഴ്ച്ച മറ്റു യാത്രികരുടെ മുഖങ്ങളിൽ പതിഞ്ഞു നിൽക്കുന്നു. " എന്റെ റബ്ബേ, ഇങ്ങോട്ടാ ഈ യാത്ര ? എന്റെ മകൻ എന്നോട്.....!!! " ബീവാത്തുമ്മ ആത്മഗതം ആരും അറിയാതെ പറഞ്ഞു കൊണ്ടിരുന്നു. തിക്കിതിരക്കി  സ്നേഹാലയം എന്നു പേരിട്ടു വിളിക്കുന്ന വൃദ്ധസദനത്തിലേക്കുള്ള യാത്രയിൽ ഉമ്മാക്കു മൊയ്തീൻ സീറ്റു ഒപ്പിച്ചു കൊടുത്തു.

മനസ്സിന്റെ നൊമ്പരങ്ങളെ ദൈവത്തോട് പറയുന്ന കാഴ്ച്ച, ചുവന്ന കുഞ്ഞുടുപ്പിട്ട പാറുക്കുട്ടിയുടെ കണ്ണുകളിലേക്കും ഒരു അപായ സൂചന എന്നോണെം എത്തി. അവൾ കുറെ നേരം വരണ്ടു കീറിയ  ബീവാത്തുമ്മയുടെ മുഖത്തേക്കു നോക്കിയിരുന്നു. അക്രമിന്റെ നേരെ പാറുക്കുട്ടി തന്റെ ചെറുചുണ്ടിലൂടെ സ്വകാര്യം ചോദിച്ചു : "എന്താ വല്ല്യുമ്മ വല്ലാത്തെയിരിക്കുന്നു ഇക്കാ ?" തന്റെ ചിന്തകളെ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വലിച്ചു ചേർക്കാതെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലെന്ന ഭാവത്താൽ "ആആആ "എന്ന ഉത്തരമില്ലാ ഉത്തരം നൽകി അക്രം രക്ഷപ്പെട്ടു.

അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന ട്രെയിനിലെ ജനാലകളിലൂടെ ഹരിതഭംഗിയിൽ വയലുകളിലേക്ക് കുഞ്ഞു കണ്ണുകളെ തിരിച്ചുവെച്ചു പാറുക്കുട്ടി വലിയലോകത്തെ ആലോചിച്ചിരുന്നു.

Sunday, October 2, 2011

പ്രണയലേഖനം

പ്രിയപ്പെട്ട സഖി,

ഈ സഖി എന്നാൽ സുഹൃത്ത് എന്നല്ലേ, ദൂരെ ദിക്കിൽ നിന്നു ഞാൻ അറിയാത്ത നിനക്കായി, നീ അറിയാത്ത എനിക്കായി,

ഈ വാക്കുകൾ മനസ്സിലൂടെ സഞ്ചരിക്കുമ്പോൾ എന്തു ചിന്തകളായിരിക്കും നിന്റെ മനതാരിലേക്ക് വന്നുചേരുക?. ഒരുപാട് കാലം ഈ വാക്കുകളിലൂടെ, എന്റെ മനസ്സിന്റെ താളങ്ങൾ എഴുത്തിന്റെ വഴികളിലേക്ക് എത്തിക്കമെന്ന് ആഗ്രഹിച്ചിരുന്നത് . അക്ഷരങ്ങൾ ആരോട് സംസാരിക്കുമെന്ന് എനിക്കറിയില്ല. നേരിട്ട് ആരോടും ഞാൻ അധികമൊന്നും സംസാരിക്കാറുമില്ല,പിന്നെ തുടക്കമിട്ടാൽ സംസാരിച്ചിരിക്കും അതുവരെ നീയോ ഞാനോ ക്ഷമിച്ചിരിക്കണം. ഒരു പ്രണയലേഖനത്തിനോ കത്തിനോ യാതൊരു പ്രസ്‌ക്തിയും ഇന്നു കാണുന്നില്ല. എന്നാലും ഞാൻ ആ പഴഞ്ചൻ (!) ഏർപ്പാട് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ അതിൽ മൊത്തം പഞ്ചാര മിഠായികൾ കൊണ്ട് നിനക്കോ എനിക്കോ പ്രമേഹം വരുത്താൻ ആഗ്രഹിക്കുന്നുമില്ല. 

എന്റെ മനസ്സിലെ പ്രണയത്തിന്റെ അവസ്‌ഥ എനിക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ല. ആരോടും പ്രണയാഭ്യർത്ഥന നടത്തിയിട്ടുമില്ല (!) കാരണം എന്റെ ചിന്താഗതികൾ തുറന്നു പറയാൻ ഒരു സഖി വേണ്ടേ! കലാലയത്തിൻ സുന്ദര നിമിഷങ്ങളിൽ പല സുഹ്ർത്തുകൾ പ്രണയത്തിന്റെ എസ്.എം.എസുകളൂം രാത്രിയുടെ നീണ്ട യാമങ്ങളിലെ സംസാരങ്ങളും നടത്തുന്ന കാഴ്ച്ചകൾ എന്നെ ഒരു കാമുകനാക്കുവാൻ ആഗ്രഹിപ്പിച്ചിട്ടില്ല. ഒരു നിലാവിലുള്ള രാത്രി എന്റെ കൂട്ടുകാരോട് എന്റെ സ്വപ്‌നങ്ങളെ കുറിച്ച് പറഞ്ഞിരുന്നു . അതിൽ നീ എന്ന അവളുമുണ്ടായിരുന്നു . അന്ന് തൂവെള്ളയിൽ പ്രകാശം ചൊരിഞ്ഞിരുന്ന അമ്പിളിതിങ്കൾ എന്നെ നോക്കി ഒരുപാട് നേരം പുഞ്ചിരി തൂകി. 


സ്വപ്‌നങ്ങളെ കുറിച്ച് സംസാരിക്കാൻ ഏറ്റവും കൂടൂതൽ താൽപര്യപെടുന്നവനാനു ഞാൻ. ആ സ്വപ്‌നങ്ങൾ യഥാർത്ഥ്യത്തിൽ വെളിച്ചം തന്നില്ലെങ്കിലും, സുന്ദരമായ നിറങ്ങളിൽ വരച്ചെ ടുത്ത ചിത്രങ്ങൾ മനസ്സിൽ എന്നും സൂക്ഷിച്ചു വെച്ച് കൊണ്ടിരിക്കും. കുട്ടികാലത്ത് കടലാസിൽ പൂക്കളുടെയും ശലഭങ്ങളുടെയും ചിത്രങ്ങൾ (!) വരച്ച് അലമാരയിൽ സൂക്ഷിച്ചു വെക്കുമായിരുന്നു, അൽഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിൽ. അതുപോലെ ഇന്നും അങ്ങനെ കുറെ ചിത്രശലഭങ്ങളെ എന്റെ മനമെന്ന പൂന്തോട്ടത്തിൽ വളർത്തുന്നു . ഒരു സ്വപ്‌ന ജീവി തന്നെ ഞാൻ, എന്റെ കൂട്ടുകാരോട് പറഞ്ഞ സ്വപ്നത്തിലെ സുന്ദരിയായ ഒരു പെൺകുട്ടിയെ കുറിച്ച് നിനക്ക് അറിയണ്ടേ !!

എന്നെ പോലെ നിന്നെ പോലെ എന്നും തന്റെ കാൻവാസിൽ ചിത്രം നെയ്തിടുക്കുന്നവളാണ്. എത്രയോ അറിയപ്പെട്ടാതെ വിസ്മയങ്ങളായ പൂക്കളെയാണ് അവൾ ആരോടും പറയാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.വഴിനിറയെ റോസാപ്പൂകളുടെ സുഗന്ധത്തിൽ മതിമറഞ്ഞ് ആർമാദലഹരിയിലാക്കുന്നില്ല അവൾ, മുന്നോട്ടുള്ള യാത്ര തൂടർന്നുകൊണ്ടിരിക്കുകയാണ്. ചിന്തകൾക്ക് ആധുനികതയുടെ കോസ്‌മറ്റിക് തരംഗങ്ങളില്ല. മധുരം ഇഷ്ടപ്പെട്ടുന്നവൾ നറുപുഞ്ചിരി തൂകുന്ന കുഞ്ഞുങ്ങളുടെ ചുണ്ടുകൾക്കും മധുരം പങ്കിടുന്നു. ആത്മാവിന്റെ വെളിച്ചവും സൗന്ദര്യവുമായിരുന്നു അവൾ എന്നും മോഹിച്ചിരുന്നത്. ഇന്നലെകളിലും ഇന്നും കേട്ട് കൊണ്ടിരിക്കുന്ന റാപ്പുകളിൽ നിന്നു വല്ലാതെ അകലം പാലിച്ചിരുന്നവൾ.എന്നേക്കാൾ ദൈവത്തിന്റെ അടുത്തേക്ക് ഓടി ചെല്ലുവാനും കൂടെയുള്ളവരെ കൈപിടിച്ച് സ്വർഗ്ഗത്തിൻ കവാടത്തിലേക്ക് പ്രവേശിപ്പിക്കുവാനും അവൾ വല്ലാതെ ആഗ്രഹിച്ചിടുന്നു. ഓരോ വാക്കുകളും പ്രവർത്തികളുടെ ഫലമായി സ്നേഹത്തിൻ ധാരയായി ഒഴുകിയിടുന്നു.യാത്രകളെ വല്ലാതെ ഇഷ്ടപ്പെടുന്നവൾ മദീന എന്ന സ്വർഗ്ഗത്തിലേക്കായിരുന്നു കണ്ണും നട്ട് നോക്കിയിരുന്നത്.

ആ നോട്ടം എന്നെ വല്ലാതെ ആകർഷിച്ചു. പ്രണയത്തിൽ പൂമൊട്ടുകൾ എന്നിലേക്ക് വിതറിയോ അവൾ. എന്റെ കണ്ണുകൾ ഉണർന്ന് നോക്കിയപ്പോൾ എല്ലാം സ്വപ്‌നമായി  സെക്കന്റുകളിലേക്ക് മാറിയിരുന്നു. ഇപ്പോൾ ആ സ്വപ്നത്തിന്റെ തുടർച്ചയിലേക്ക് നോക്കിയിരിക്കുകയാണ് ഞാൻ.

സഖി, ആ സ്വപ്‌ന സുന്ദരി  നീ ആണോ? നീ എനിക്ക് പറഞ്ഞു തരുമോ ?

Tuesday, August 9, 2011

ഹാപ്പി ഡേയ്‌സ്

യാത്രകളിലെല്ലാം
വഴിതെറ്റാതെ
മുന്നോട്ടുള്ള പ്രയാണത്തിൽ
സങ്കടങ്ങളൂം, സന്തോഷങ്ങളൂം
പങ്കുവെക്കുവാൻ
നൊമ്പരങ്ങളുടെ ഓർമ്മകളിലേക്ക്
വിട പറയും വരെ  (?)
സ്നേഹത്തിൻ സ്വരമായി
ഒന്നുചേരാം...

Thursday, August 4, 2011

തുറന്നെഴുത്ത്‌

ഒരു വരിപോലും 
ഒഴിവാക്കിയില്ല, 
ഒരു നിമിഷം പോലും 
ഓര്‍മ്മ വിട്ടില്ല, 
ഒരു തുറന്നെഴുത്ത്‌ 
പൂര്‍ത്തിയാക്കി, 
എഴുതിയത്‌ മുഴുവന്‍ 
സത്യമായിട്ടും 
അവരെന്നെ കളളനെന്നു വിളിച്ചു 
അവസാനം 
ഞാന്‍ എഴുതി ചേര്‍ത്തു 
``നിങ്ങള്‍ എന്നെ കള്ളനാക്കി'' 
എന്ന കള്ളവും.